Monday, August 9, 2010

വാസുവിനെ വഴിതിരിച്ച പ്രണയം

          ആദ്യം വാസുവിനെ പരിചയപ്പെടുത്താം. വെളിച്ചപ്പാട് പോലെ മുടി ഒക്കെ നീട്ടി വളര്‍ത്തി, പൊക്കമുള്ള, നല്ല വിര്‍ത്തികെട്ട രൂപത്തിന്റെ ഉടമസ്ഥനായ വാസു. സ്വന്തം കോളേജില്‍ ഓണത്തിന് അടിച്ചു പൂകൂറ്റി ആയി വാളുവെച്ച വാസു. അധ്യാപകര്‍ അറിയാതിരിക്കാന്‍ അതിന്റെ പുറത്തു സാംബാര്‍ ഒഴിച്ച വാസു. അവസാനം എല്ലാം കൂടി ശവം ചീഞ്ഞ നാറ്റം ആയപ്പോള്‍ വാറ്റ് അടിച്ചു എന്ന അപരാധവും പേറി സസ്പെന്‍ഷന്‍ മേടിച്ചു കൂട്ടിയ വാസു. വീട്ടില്‍ അമ്മ മാത്രം. സാമ്പത്തികമായി സ്വല്‍പ്പം പുറകിലുമാണ് നമ്മുടെ കഥാ നായകന്‍. ഇദേഹം രണ്ടു കാര്യത്തില്‍ പുലി ആയിരുന്നു.... പ്രേമിക്കാന്‍ അഥവാ വളച്ചു വീഴ്ത്താന്‍, പിന്നെ പെണ്ണുങ്ങളെ പറ്റി അപവാദം പറയാന്‍ (നിമിഷ യേശിണി / ഫയറിന്റെ എഡിറ്റര്‍ ആകേണ്ട മഹാന്‍).
         ഇനി നീതു എന്ന കഥാപാത്രം. അര ഇഞ്ചു ആണിയില്‍ ചുരിദാര്‍ ഇട്ട ശരീരം പോലുള്ള ഒരു കൊച്ചു സുന്ദരി. പെഴ്സനാളിറ്റി കൂട്ടാന്‍ ഒരു കണ്ണാടിയും ഉണ്ടേ. അധികം സംസാരിക്കാത്ത ഒരു വെളുത്ത നാണം കുണുങ്ങി പെണ്ണ്. നല്ല പേര് കേട്ട കുടുംബം. ഒട്ടും മോശമല്ലാത്ത സാമ്പത്തിക ഭദ്രത. ഇതാണ് ഈ കഥയിലെ നായികയുടെ ബാക്ഗ്രൌണ്ട്.
          മൂന്നു കൊല്ലം മുന്പ്, കോളേജില്‍, വാസു തന്റെ കൂട്ടുകാരുടെ സഹായത്തോടെ നീതുവിനെ വലയിലാക്കി. അങ്ങനെ ഒരു ദിവ്യ പ്രേമം പൊട്ടി മുളച്ചു. അത് വാസുവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. വാസു നല്ല ഒരു ജോലിയില്‍ പ്രവേശിച്ചു. മൂന്ന് കൊല്ലം അവരുടെ കൊച്ചു കൊച്ചു ഇണക്കവും പിണക്കവും വാസു ഇല്ലാത്ത ജീവിതം ആലോചിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നീതുവിനെ എത്തിച്ചു. വാസു ആണെങ്കില്‍ മൂന്ന് കൊല്ലം ഇതേ ഇണക്കവും പിണക്കവും കാരണം ഒരു ഇടവേളയ്ക്കു ശേഷം അടുത്ത അങ്ഗം വെട്ടാന്‍, എണ്ണ തേയ്ച്ചു തുടങ്ങി. പക്ഷെ നീതുവിനെ ഒരു രീതിയിലും വേദനിപ്പിക്കാന്‍ വാസു തയ്യാറല്ലായിരുന്നു. എന്തൊക്കെ ആയാലും മൂന്ന് കൊല്ലം പ്രേമിച്ച പെണ്ണിനെ അങ്ങനെ അങ്ങ് പറ്റിക്കാന്‍ പറ്റുമോ, അതും ആകെ ഉള്ള അവളുടെ ചെറിയൊരു അസ്ഥിയില്‍ പിടിച്ച പ്രണയം.. കാര്യം ആള് അലവലാതി ആണെങ്കിലും അത്ര കണ്ണില്‍ ചോര ഇല്ലതവനല്ല എന്റെ നായകന്‍.
          അങ്ങനെ ഒരു ദിവസം നീതുവിന്റെ വീട്ടില്‍ കല്യാണം എന്ന കട്ടുറുമ്പ് തല പൊക്കി തുടങ്ങി. നീതു വാസുവിനോട്, കാര്യങ്ങള്‍ വൈകാതെ നീക്കാന്‍ അഭ്യര്‍ഥിച്ചു. മുഖത്തു നോക്കി എനിക്ക് നിന്നെ മതിയായി എന്ന്‌ പറയാന്‍ പറ്റുമോ?  വാസു തന്റേതായ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞു. സിമെന്റിന്റെ വില കൂടുകയും ചരലിന്റെ വരവ് കുറയുകയും, പണിക്കാരെ കാലു പിടിച്ചു കൊണ്ടുവരുകയും ചെയ്യുന്ന  ഈ കാലത്ത്, അതും കേരളത്തില്‍, ലോഡിംഗ്കാര്‍ അബദ്ധത്തില്‍ ലോടോ ഗെര്‍ഭിണിയെയൊ കണ്ടു പോയാല്‍, പിന്നെ ആ പേരില്‍ നോക്ക് കൂലിയും കൊടുത്ത് ഒരു വീട് വേണോ എന്ന്‌ അംബാനി വരെ ഒന്നാലോചിക്കും. വാസുവിന് ഒരു പ്രേമത്തില്‍ നിന്നൊക്കെ തല ഊരാന്‍ ഇതിനേക്കാള്‍ നല്ല കാരണം വേറെ വേണോ? അത് കേട്ട്, തന്നോടുള്ള  വാസുവിന്റെ  കട്ട പ്രേമവും, നിസ്സഹായ അവസ്ഥയും ഓര്‍ത്തു നീതുവിന് മനം നൊന്ദു. വാസുവിന്റെ വേദന മനസ്സിലാക്കി നീതു ആലോചിച്ചു കരുക്കള്‍ നീക്കാന്‍ തുടങ്ങി. 
          ഒരു വെള്ളിയാഴ്ച രാത്രി വാസുവിന് ഒരു ഫോനെ കാള്‍ വന്നു. " ഞാന്‍ നീതുവിന്റെ അമ്മാവന്‍ ആണ്. നീതു എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എനിക്ക് വാസുവിനെ ഒന്ന് കാണണം, പറ്റുമെങ്കില്‍ ഇന്ന്". വാസു വിയര്‍ത്തൊഴുകി അറിയാതെ "ആ" എന്ന് പറഞ്ഞു. തല്ലു ഷെയര്‍ ചെയ്യാന്‍ കൂട്ടുകാരുമായി വാസു പറഞ്ഞ സമയത്തിന് പതിനഞ്ചു മിനിറ്റ് മുന്‍പേ എത്തി ഓടേണ്ട വഴികള്‍ നോക്കിവച്ചു. എങ്ങനെ ഇതില്‍ നിന്ന് ഊരും എന്ന്‌ ആലോചിച്ചു കുറെ കാരണങ്ങള്‍ അമ്മാവനോട് പറയാന്‍ മനസ്സില്‍ കുറിച്ചിട്ടു. അമ്മാവന്റെ കാര്‍ പറഞ്ഞ സമയത്ത് എത്തി. അമ്മാവന്‍ വാസുവിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കല്യാനതിനെപറ്റി സംസാരിച്ചു തുടങ്ങി. ഇതിലും ഭേദം തല്ലായിരുന്നു എന്ന മട്ടില്‍ വാസു അമ്മാവന്റെ സപ്പോര്‍ട്ട് കണ്ടു സന്തോഷംകൊണ്ടു പ്രാകി. പിന്നെ വാസു കല്യാണം ഉഴപ്പി തുടങ്ങി. "ഒരു വീട് വെയ്ക്കാതെ, കല്യാണതിനെ പറ്റി ആലോചിക്കാന്‍ വയ്യ" എന്ന്‌  വാസു. അതിനു അമ്മാവന്‍ സഹായിക്കാമെന്നു ഉറപ്പു നല്‍കി. അങ്ങനെ ആദ്യത്തേതില്‍ വീണില്ല. വീട്ടില്‍ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടാകും എന്ന്‌ വാസു പിന്നെയും. അത് വാസു തന്നെ ചെയ്യണ്ട കാര്യമാണെന്നും അതിനു വേണ്ടി കുറച്ചു സമയം തരാം എന്നും അമ്മാവന്‍ ശഠിച്ചു. അമ്മാവന്‍ എന്നെയും കൊണ്ടേ പോകൂ എന്ന്‌ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌  വാസു തന്റെ അവസാനത്തെ ആയുധം പുറത്തെടുത്തു. ഈ ജോലി വെച്ച് ഒരു കുടുംബം കൊണ്ടുപോകാന്‍..... "വാസുവിന് ഗള്‍ഫില്‍ ജോലി വേണോ, ഞാന്‍ ശെരിയാക്കി തരാം". വാസു പെട്ടു. ഇങ്ങനെ നല്ല ഒരമ്മാവനെ എനിക്ക് തന്നെ കിട്ടാന്‍ ഞാന്‍ എന്താ ചെയ്തത് എന്ന്‌ ആലോചിച്ചു വാസു നിന്ന് പോയി.    
          അടുത്ത ദിവസം രാത്രി കൂട്ടുകാര്‍ കൂടി വാസുവിനെ ഉപദേശിച്ചു. ഈ കല്യാണം കൊണ്ട് വാസു രക്ഷപെടും എന്നും കെ.എസ്.എഫ്.ഇ. പോലെ നല്ല സാമ്പത്തിക ഉറപ്പുള്ള ഒരു ജീവിതം ഉണ്ടാകും എന്നും പറഞ്ഞു. ഒന്നുവല്ലെങ്ങിലും ഒരാള്‍ നന്നാവുന്നത് നല്ല കാര്യമല്ലേ. പ്രത്യേകിച്ച് അവര്‍ക്കെല്ലാം അറിയാവുന്ന ഒരു കുട്ടി ആകുമ്പോള്‍ വേറൊന്നും നോക്കാനില്ല. വാസു ഓരോ മുടക്ക് പറയുമ്പോഴും കൂട്ടുകാര്‍ അത് ശക്തമായി എതിര്‍ത്തു. നീതു നല്ല പെണ്ണാണ്, നീയുമായിട്ടു നല്ല ചേര്‍ച്ചയാ എന്നൊക്കെ തട്ടിവിട്ടു. എന്ത് കാര്യത്തിനും കൂട്ടുകാര്‍ പുറകില്‍ ഉണ്ടെന്നു ഉറപ്പു നല്‍കി. അങ്ങനെ രണ്ടു ദിവസത്തെ കഠിന ഉപദേശവും കഴിഞ്ഞ്, കൂട്ടുകാര്‍ കൊടുത്ത ധര്യവും പിന്‍ബലവും ആയി വാസു വീട്ടില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.  ഒരു കല്യാണത്തിനെപറ്റി  സ്വപ്നം കണ്ടു തുടങ്ങിയ  വാസു തന്റെ അമ്മയോട് ആ സത്യം തുറന്നടിച്ചു. ഒട്ടും വൈകിയില്ല, വാസുവിന്റെ അമ്മയും തുറന്നടിച്ചു. രണ്ടാമത്തെ തുറന്നടി വാസുവിന്റെ ചെവിക്കല്ലിനു കിട്ടി. എല്ലാ പ്രേമത്തിലും കുറച്ചു തല്ലും പിടിയും ഒക്കെ കാണും. പക്ഷെ "നീതു തന്നെ ഉന്നം" എന്ന്‌ മനസ്സില്‍ തീരുമാനിച്ച വാസു കരഞ്ഞു കാലുപിടിച്ചു, മരിക്കും എന്ന്‌ ഭീഷണിപ്പെടുത്തി, അവസാനം അമ്മയുടെ തല്ലിന്റെ ഒടുവില്‍ സമ്മതം വാങ്ങി. ഇനി വാസുവിന്റെ കുടുംബക്കാര്‍. രണ്ടു ദിവസം അവരുടെ ചീത്ത വിളി കഴിഞ്ഞ് 'ചൊറിയുമ്പോള്‍  അറിയും' എന്ന മട്ടില്‍ അവരും സമ്മതിച്ചു. വാസു ഈ സന്തോഷ വാര്‍ത്ത കൂട്ടുകാരുമായി ആഘോഷിച്ചു. കൂട്ടുകാര്‍ വാസുവിന്റെ കല്യാണത്തിന്റെ ആവേശത്തിലായി. നീതുവിനെ വിളിച്ചു കാര്യങ്ങള്‍ തീരുമാനിക്കെണം എന്ന്‌ കൂട്ടുകാര്‍ വാസുവിനെ ഓര്‍മിപ്പിച്ചു.
          കല്യാണം എപ്പോള്‍ നടത്തണം എന്ന്‌ ചോദിച്ചറിയാന്‍ നീതുവിനെ വാസു വിളിച്ചു. ആ വിളി എല്ലാം കുഴച്ചു മറിച്ചു. അച്ഛനോട് ചോതിക്കെട്ടെ, അച്ഛന്‍ തീരുമാനിക്കും, അച്ഛന്‍ പാവമാണ്, അമ്മ വിഷമിക്കും, അമ്മാവന്‍ വാസുവിന്റെ മനസ്സറിയാന്‍ വേണ്ടി വന്നു കണ്ടതെയുള്ളു എന്ന്‌ എന്തൊക്കെയോ പറഞ്ഞു. വാസു മരവിച്ചു പോയി. ഊണ് കഴിഞ്ഞ് ഒറങ്ങാന്‍ പോയവനെ വിളിച്ചു വരുത്തി വയറിളക്കി, ഇലയിട്ട ശേഷം ഊണില്ല എന്ന അവസ്ഥ. എന്നാല്‍ ഊണ് കിട്ടും എന്ന്‌ കരുതി കൂട്ടുകാര്‍ക്ക് ചെലവു ചെയ്ത വക രൂപ ആയിരം.
          നീതുവിന്റെ അമ്മാവന്‍ ഗള്‍ഫില്‍ പോയി. നീതുവിന്റെ അച്ഛന്‍ വാസുവിനെതിരെ ലവ് ജിഹാദിന് കേസും കൊടുത്തു. കൂട്ടുകാര്‍ കൊടുത്ത വാക്ക് അതുപോലെ തന്നെ, വാക്കായിട്ട് തന്നെ ഇരുന്നു. ലവ് ജിഹാദ് എന്തെന്നറിയാത്ത വാസു സ്റ്റേഷനില്‍ ഹാജരായി, പതിനായിരം രൂപയും രണ്ടു ആള്‍ ജാമ്യവും ആയി പുറത്തിറങ്ങി. ആള്‍ ജാമ്യം വാസുവിന്റെ കുടുംബക്കാര്‍ തന്നെ വരേണ്ടി വന്നു, കൂട്ടുകാര്‍ക്ക് ത്രിച്ചരിയാല്‍ കാര്‍ഡോ റേഷന്‍  കാര്‍ഡോ ഇല്ലല്ലോ.  അതില്‍ കുറച്ചു പേര്‍ ഈ പരീകുട്ടിയെ മുഘാമുഖം നേരിടാന്‍ കഴിയാത്തത് കൊണ്ട് ഗള്‍ഫില്‍ പോയി. ബാക്കി നിന്നത് കുറെ നാണക്കേടും, ഒരു കേസും.
          ഇന്ന് വാസു, അച്ചടക്കം ഉള്ള ഒരു  പൌരനെ പോലെ, ഇനി ഒരിക്കെലും ഒരു പെണ്ണിന്റെ നേരെ കണ്ണ് പൊങ്ങാതെ, കടപ്പുറത്ത് ഒന്ന് ഉറക്കെ പാടി കരയാന്‍ പോലും ബീച് പോലിസ് പട്രോളിംഗ് (പൂവാല സ്ക്വാഡ്) അനുവതിക്കാതേ പോലീസിന്റെ നിരീക്ഷണത്തില്‍ എവിടെയോ ജീവിക്കുന്നു.
          എല്ലാ നന്നായ ആണുങ്ങളുടെ പിറകിലും ഒരു പെണ് തന്നെ കാരണം.

(ഈ കഥയും കഥയിലെ കഥാപാത്രങ്ങളും നിങ്ങള്ക്ക് പരിച്ചയമുള്ളവയാണ് എന്ന്‌ തോന്നുന്നെന്ഗില്‍ അത് തികച്ചും യാധിര്ച്ച്ഹികം മാത്രം.)
                                      
                                                                                                                     ജോര്‍ജ്കുട്ടി ആലപ്പുഴ 

4 comments:

AM said...

nalla parichayamulla kadha... aara ee vaasu??

Anonymous said...

kollam..
kiddilen.. nannyitund..
anganae oru rakthasaakshi kudi...
abi..

ഒഴാക്കന്‍. said...

ജോര്‍ജ്, കഥ കലക്കി പാവം വാസു അവന്‍ ഇപ്പോഴും വാറ്റ് അടിച്ചു നടക്കുവാണോ
ഇടക്കുള്ള അക്ഷര പിശാചു കല്ലുകടി ഉണ്ടാക്കുന്നുണ്ട്

ഓ ടോ: എന്റെ നമ്പര്‍ ഇതുവരെ മാറിയിട്ടില്ല

Unknown said...

that was cool man....the writer inside you is pretty good...